ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരിൽ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയ ഹൃദയത്തെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവർ ദിവസവും കഴിക്കേണ്ട ഭക്ഷണമാണ് നട്സ് എന്ന് പറയുന്നത്.
പ്രോട്ടീൻ, നാരുകൾ, അപൂരിത കൊഴുപ്പുകൾ, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പന്നമാണ് നട്സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്‌സ് ബന്ധപ്പെട്ടിരിക്കുന്നു. എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന “നല്ല” കൊഴുപ്പുകൾക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ദിവസവും കഴിക്കേണ്ട നട്സ് ഏതൊക്കെയാണെന്നതറിയാം…
വാൾനട്ട്…
വാൾനട്ട് ദിവസവും കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നും ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ, വാൾനട്ട്‌സ് ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്.
കശുവണ്ടി…
കശുവണ്ടിയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ ഇരുമ്പിന്റെ നല്ല ഉറവിടവുമാണ്. അവയിൽ സിങ്കും അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അഭിപ്രായപ്പെടുന്നു. എല്ലാ കോശങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കാനും വിളർച്ച തടയാനും ഇരുമ്പ് സഹായിക്കുന്നു. രോഗപ്രതിരോധ ആരോഗ്യത്തിനും ആരോഗ്യകരമായ കാഴ്ചയ്ക്കും സിങ്ക് പ്രധാനമാണ്. കശുവണ്ടിയും മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ 2020 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുന്നത് പ്രായമായവരിൽ വൈജ്ഞാനിക പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.
പിസ്ത…
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു നട്സ് പിസ്ത. പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയ പിസ്തയിൽ കാലറി വളരെ കുറവാണ്. വൈറ്റമിൻ ബി6 ഉൾപ്പെടെ നിരവധി പോഷകങ്ങൾ പിസ്തയിലുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തിക്കും ഒപ്പം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.∙