പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടിൽ റോഡിലെ ക്യാമറ തകർത്ത കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പുതുക്കോട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. അപകടം ഉണ്ടാക്കിയ പുതുക്കോട് സ്വദേശിയുടെ ഇന്നോവ ഉപേക്ഷിച്ച സ്ഥലവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി മുഹമ്മദുമായി ഇന്നുതന്നെ തെളിവെടുപ്പിന് സാധ്യതയുണ്ട്. മുഹമ്മദ് ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. എന്താണ് ക്യാമറ നശിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്.
ക്യാമറ നശിപ്പിക്കാൻ ശ്രമിച്ച ഇന്നോവയുടെ ഗ്ലാസ് പൊട്ടിയപ്പോൾ അതിൽ നിന്ന് തിരിച്ചറിഞ്ഞ എഴുത്തിൽ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. സിദ്ധാർഥ് എന്ന് പിറകിലെഴുതിയ ഇന്നോവയാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് ചില്ലുകഷ്ണങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു. രണ്ടു നിർണായക വിവരങ്ങളാണ് കേസിൽ പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ഇന്നലെ രാത്രി 9.58നാണ് ഈ ക്യാമറയിൽ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11 മണിയോടെയായിരുന്നു. അതിനാൽ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറിയുള്ള അപകടമല്ലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസിൽ സിദ്ധാർത്ഥ് എന്ന് എഴുതിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങൾ ചേർത്തുവച്ചപ്പോഴാണ് ഈ ഈംഗ്ലീഷിലെഴുതിയ പേര് കിട്ടിയത്. ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിൻവശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോയെന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താൻ സഹായമായി.