ഇന്ത്യയിലെ വനാന്തരങ്ങളിലൂടെയെല്ലാം നിരവധി റോഡുകളും റെയില്‍വേ ലൈനുകളും കടന്ന് പോകുന്നുണ്ട്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ് രാത്രി യാത്രയ്ക്ക് പോലും നിരോധനമുള്ളത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംരക്ഷിത വനമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. വനാന്തര്‍ഭാഗത്ത് കൂടെയുള്ള റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാരാകട്ടെ പലപ്പോഴും വനം വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പലപ്പോഴും യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി വന്യമൃഗങ്ങളോടൊപ്പം സെല്‍ഫിക്ക് ശ്രമിക്കുന്നത് വലിയ അപകടം വരുത്തിവയ്ക്കുന്നു. കഴിഞ്ഞ ദിവസം സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവച്ച ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ‘ഒരു സെൽഫി എടുക്കുന്നതിന്, അവർ മണ്ടത്തരങ്ങൾ മാത്രമല്ല, അത് ആവേശത്തോടെ ചെയ്യുന്നു…’ വീഡിയോ ഇതിനകം മുപ്പത്തിയാറ് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.
ദൂരെ നിന്ന് മൂന്ന് പേര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിവരുന്നിടത്താണ് വീഡിയോയില്‍ തുടങ്ങുന്നത്. അവര്‍ക്ക് പുറക്കില്‍ ഒരു കൂട്ടം കാട്ടാനകളും ഓടിയടുക്കുന്നു. ഓടുന്നതിനിടെ ഒരാള്‍ റോഡില്‍ വീഴുന്നതും മറ്റുള്ളവര്‍ ഓട്ടം തുടരുന്നതും കാണാം. താഴെ വീണയാളുടെ കൈയില്‍ നിന്നും മൊബൈല്‍ തെറിച്ച് റോഡില്‍ വീഴുന്നു. തുടര്‍ന്ന് പിടഞ്ഞെഴുനേറ്റ അയാള്‍ മൊബൈല്‍ ഉപേക്ഷിച്ച് ഓട്ടം തുടരുന്നു. വെറും എട്ട് സെക്കന്‍റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ പറയുന്നില്ല. വീഡിയോ ട്വിറ്ററില്‍ വളരെ വേഗം വൈറലായി. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. അവരുടെ പ്രവര്‍ത്തി കടന്ന് പോയെന്നായിരുന്നു മിക്കയാളുകളും കുറിച്ചത്. ആനകളെ അങ്ങോട്ട് പോയി ശല്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. “മനുഷ്യർ വിഡ്ഢികളായ മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്, മൃഗങ്ങൾ മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യരായി പെരുമാറുന്നു.” എന്നായിരുന്നു ഒരാള്‍ എഴുതിയത്.
For having a selfie, they not only do foolish things,but do them with enthusiasm… pic.twitter.com/rMoFzaHrL3
— Susanta Nanda (@susantananda3) July 5, 2023