കൊച്ചി: എറണാകുളം റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി സ്വദേശി സുനീര്‍, വടക്കേക്കര സ്വദേശി യദുകൃഷ്ണ, ഞാറക്കല്‍ സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, വിശ്വാസ വഞ്ചന മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയിൽ ഇതുവരെ 57 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 35 പേരെ നാട് കടത്തി. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.