കാനഡ: കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ചതിന് അമേരിക്കൻ പൗരൻ വർഷങ്ങൾക്ക് ശേഷം പിടിയിലായി. ഇഴജന്തുക്കളെ യുഎസ്-കനേഡിയൻ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ചെന്നാണ് ആരോപണം. പാന്റ്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പെരുമ്പാമ്പുകൾ.
2018 ജൂലൈ 15 ന് വടക്കൻ ന്യൂയോർക്കിലേക്ക് കടന്ന ബസിൽ കാൽവിൻ ബൗട്ടിസ്റ്റ (36) പാമ്പുകളെ ഒളിപ്പിച്ചതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അന്നത്തെ കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ബർമീസ് പെരുമ്പാമ്പുകളുടെ ഇറക്കുമതി അന്താരാഷ്ട്ര ഉടമ്പടിയും ഫെഡറൽ നിയമവും വഴി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്, ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഹാനികരമായവ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫെഡറൽ കള്ളക്കടത്ത് കുറ്റത്തിന് ന്യൂയോർക്കിന്റെ തലസ്ഥാനമായ അൽബാനിയിലെ കോടതിയിൽ ഈ ആഴ്ച ബൗട്ടിസ്റ്റയെ ഹാജരാക്കി. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പ്. ഏഷ്യയിൽ ഇതിനെ ഒരു ദുർബല ഇനമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ ഇനം പാമ്പ് അമേരിക്കയിലെ ഫ്ലോറിഡയിൽ ആക്രമണകാരിയായ ജന്തുക്കളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് തദ്ദേശീയ മൃഗങ്ങൾക്ക് ഭീഷണിയാണെന്നാണ് ഫ്ലോറിഡയിലെ നിയമം പറയുന്നത്. കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്തിയെന്നാരോപിച്ച കാൽവിൻ ബൗട്ടിസ്റ്റ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി 20 വർഷം തടവും 250,000 ഡോളർ പിഴശിക്ഷയും ലഭിക്കും.
ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പ്. തെക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ജലാശയങ്ങളുടെ സമീപത്താണ് താമസം. പാമ്പിൻ കുഞ്ഞുങ്ങൾ മരക്കൊമ്പുകളിൽ തൂങ്ങി കിടക്കാറുണ്ട്. പ്രായമായ പാമ്പിന് ഏകദേശം 3.7 മീറ്റർ (12 അടി) മുതൽ 5.74 മീറ്റർ (19.00 അടി) വരെ നീളവും 90 കിലോ ഭാരവും കാണും.