ഭോപ്പാല്‍: മധ്യപ്രദേശിൽ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സുരക്ഷാ ജീവനക്കാർ. സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് തുടർ കൊലപാതകങ്ങൾ ഭീതി പരത്തുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് സുരക്ഷാ ജീവനക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിന്‍റെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാര്‍ എന്നിവരാണ് മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. തലയോട്ടി തകർന്ന നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.
ചുറ്റികയോ, കല്ലോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് തലയ്ക്കടിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടാതെ മൂന്ന് പേരുടെയും മരണം ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് കൊലയ്ക്ക് പിന്നില്‍ ‘സീരിയൽ കില്ലർ’ ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കഴിഞ്ഞ മെയിലും പാലം നിർമ്മാണത്തിന്‍റെ വാച്ച്മാനായിരുന്ന ഉത്തം രാജക് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ശാസ്ത്രീയ തെളിവുകളും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ, കൊലയാളി ഒരു സൈക്കോ ആണെന്ന വിവരങ്ങളും പൊലീ്സ് പുറത്ത് വിടുന്നുണ്ട്. 2018ല്‍ ‘സീരിയൽ കില്ലർ’ ആയ ആദേശ് കര്‍മ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദശാബ്‍ദത്തിനിടെ 34 ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.