ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യ നില വഷളായ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളാണ് ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും.
ബുധനാഴ്ച രാവിലെ ഇഡ്‍ലിയും പൊങ്കലുമാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സേവാലയ അധികൃതർ മരുന്ന് നൽകി. എന്നാൽ ആരോഗ്യനിലയിൽ മാറ്റം കാണാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കുട്ടികൾ കഴിച്ചിരുന്നില്ല. സേവാലയത്തിലെ 15 കുട്ടികളിൽ രണ്ടുപേരെ വ്യാഴാഴ്ച രാവിലെയാണ് ഹോസ്റ്റലിൽ മരിച്ചതായി കണ്ടെത്തിയത്. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരണപ്പെട്ടു.
മരിച്ച മൂന്നു കുട്ടികളും 10നും 14നുമിടെ പ്രായമുള്ളവരാണ്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭക്ഷണത്തിന്റെ സാംപിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ അപകടനില തരണം ചെയ്തതായും ഒരു കുട്ടി വീട്ടിലേക്ക് മടങ്ങിയതായും പൊലീസ് അറിയിച്ചു.