തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമൽ, സ്റ്റെറിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 9.944 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങാൻ സഹായം ഒരുക്കുകയും തുടർന്ന് ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരിൽ കാത്തു നൽകുകയുമായിരുന്ന നെയ്യാറ്റിൻകര ആനവൂർ സ്വദേശി ‘മുളകുപൊടി’ എന്ന് വിളിക്കുന്ന സുനിലിനെ എക്സൈസ് സംഘം തമ്പാനൂരിൽ നിന്ന് തന്ത്രപരമായി പിടികൂടി. തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ വിനോദ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്ന നൂറ് കണക്കിന് കിലോ ലഹരി മരുന്നുകളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്.