തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള മറുപടി എന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരല്ല. കേരളത്തിൽ കോൺഗ്രസ് ശക്തമാണെന്ന് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ് ഉമ തോമസിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞ. മികച്ച വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളെയും അതിനായി പ്രവർത്തിച്ച പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും താരിഖ് അൻവർ പറഞ്ഞു.
25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വോട്ടിൽ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല. ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.