പാലക്കാട് : ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കവെ തൃക്കാക്കരയിൽ ആംആദ്മി -ട്വന്റി 20 സഖ്യത്തിന്റ വോട്ട് തേടി യുഡിഎഫ്. മത്സരത്തിനിറങ്ങുമ്പോൾ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന മുഖവുരയോടെയാണ് നാലാം മുന്നണിയോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വോട്ടഭ്യര്‍ത്ഥിച്ചത്. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതിനോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ പുതിയ മുന്നണിയുടെ പിന്തുണ തേടുകയാണെന്നും കെ സുധാകരൻ വിശദീകരിച്ചു.
‘തൃക്കാക്കരയിൽ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ പിടി തോമസിനുണ്ടായതിനേക്കാൾ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. എതിരാളിയുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നതാണ് രീതിയെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഡൽഹി പോലെയുള്ള സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അതിനാൽ നാലാം ബദലിനുള്ള സാധ്യത കേരളത്തിൽ കുറവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആം ആദ്മിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാൽ പുതിയ മുന്നണി കേരളത്തിൽ വെല്ലുവിളിയാകില്ല. പാർട്ടി എന്ന നിലക്ക് ട്വന്റി ട്വന്റിക്ക് എതിരെ നിലപാട് എടുക്കേണ്ട സാഹചര്യം കോൺഗ്രസിനെ ഉണ്ടായിട്ടില്ല. ട്വന്റി -20 മുമ്പ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചോർച്ച ഉണ്ടാക്കിയിട്ടുണ്ടെന്നും സുധാകരൻ സമ്മതിച്ചു.