കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20യും ആംആദ്മിയും ഒരുമിക്കും. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ചർച്ച നടത്തി. തുടർന്നും സഹകരിച്ചു പോകണോ എന്ന തരത്തിലുള്ള ചർച്ച ഉണ്ടായിട്ടില്ല. അത് ഉന്നതതലത്തിൽ ചർച്ച വേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18% വോട്ടു നേടിയാണ് ട്വന്റി20 നാലാം സ്ഥാനത്തായത്. പി.ടി.തോമസ് അന്തരിച്ച ഒഴിവിൽ ആറു മാസത്തിനകം ഇവിടെ പുതിയ എംഎൽഎ വരേണ്ടതിനാൽ അടുത്ത മാസം തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. പി.ടി.തോമസ് 14,329 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോൾ, എൽഡിഎഫിന് 33.32 %, എൻഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.