കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച തീക്കാറ്റിൽ ഇളകിമറിഞ്ഞ തൃക്കാക്കരയിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ വോട്ടുതേടൽ. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാൽ കലാശക്കൊട്ടിന് പതിവിലേറെ ആവേശമായിരുന്നു. കലാശക്കൊട്ടിനായി സ്ഥാനാർഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും.
ജൂൺ മൂന്നിനാണു വോട്ടെണ്ണൽ. ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ വികസന ചർച്ചകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ വാക്പോരിന്റെ കനലുകളെരിഞ്ഞു.
സിൽവർലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എൽഡിഎഫ്, അപകടം മണത്ത് അൽപം വഴി മാറി. സിൽവർലൈൻ വിരുദ്ധ വികാരം സജീവമാക്കി നിർത്തിയും സ്വന്തം വികസന ചരിത്രം ഓർമിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദൽ പ്രചാരണം.പോരിന്റെ മൂർധന്യത്തിൽ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാർഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരിൽ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചർച്ചയായി.പി.സി.ജോർജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോൾ സർക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്.
ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് അറസ്റ്റിനെ എൻഡിഎ വിശേഷിപ്പിച്ചത്.മന്ത്രിമാരുടെ നേതൃത്വത്തിൽ സമുദായ അടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് ഉയർത്തി. മന്ത്രിമാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടു നേടാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നു. പരാജയഭീതിയിൽനിന്നാണ് ഇത്തരം ആക്ഷേപങ്ങളെന്നു ഭരണപക്ഷം തിരിച്ചടിച്ചു.
പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകൾ ചിതറിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനെ നയിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എൻഡിഎയുടേത്.