കൊച്ചി : പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറിൽ എത്തിനില്‍ക്കുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച നേതാക്കളാണ് കോൺഗ്രസ്സിനെ വിമർശിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു.
കൊട്ടികൊട്ടി കയറുകയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.