കൊച്ചി : തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാൻ മുന്നണികൾ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളി പി സി ജോർജും നാളെ മണ്ഡലത്തിൽ എത്തും. എൻഡി എ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.
കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ഇന്നലെയോടെ തന്നെ ടോപ് ഗിയറിൽ എത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച നേതാക്കളാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.
പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.