തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്. നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്‌ത് 10,000 രൂപ വീതം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയെന്നാണ് കേസ്. റവന്യൂ ഇന്‍സ്‌പെക്‌ടര്‍ പ്രകാശ് കുമാറിനേയും കേസില്‍ പ്രതി ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തുവരുന്നത്.ഇതിന് പിന്നാലെ അജിതാ തങ്കപ്പന്റെ ഓഫീസില്‍ വിജലന്‍സ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. നഗരസഭാ കൗണ്‍സിലര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.