കൊച്ചി> തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നൽകിയ ഹർജി ഹെെക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ വിജയം ഹൈക്കോടതി ശരിവെച്ചു. കെ ബാബുവിന് എംഎല്‍എയായി തുടരാമെന്നും ജസ്റ്റിസ് പി ജി അജിത്കുമാർ വിധി പറഞ്ഞു.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ പരാതി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹര്‍ജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിന്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു.
സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയ ആരോപണങ്ങൾ ഹര്‍ജിയിൽ ഉന്നയിച്ചിരുന്നു. ബാബുവിന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ ബാബുവിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേവലം 900 ല്‍ പരം വോട്ടുകള്‍ മാത്രമാണ് കെ ബാബുവിന്റെ ഭൂരിപക്ഷം.