തൃശൂർ: പൊലീസ് ഇടപെടൽ സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ പകൽ വെളിച്ചത്തിൽ നടന്ന വെടിക്കെട്ടിനും പകൽ പൂരത്തിനും ശേഷം പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്ത മേടത്തിലെ പൂരത്തിന് കാണാം എന്ന ഉറപ്പിന്റെ പ്രതീകമായി വടക്കുംനാഥന് മുന്നിൽ ശ്രീമൂലസ്ഥാനത്ത് കൊമ്പന്മാർ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു.
ഇനി ഒരുവർഷം നിശ്ശബ്ദമായ കാത്തിരിപ്പാണ്. രാത്രി ഉത്രംവിളക്ക് കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ ആസ്വാദകരുടെ കണ്ണും കാതും നിറച്ച മഹാപൂരത്തിന് സമാപ്തിയാകും. അടുത്ത വർഷം മേയ് ആറിനാണ് പൂരം. ശനിയാഴ്ച രാവിലെ പാറമേക്കാവ് വിഭാഗം 8.30നാണ് പഞ്ചവാദ്യ -പാണ്ടിമേള അകമ്പടിയോടെ എഴുന്നള്ളത്താരംഭിച്ചത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് പാറമേക്കാവിലമ്മ എഴുന്നള്ളിയത്. 15 ആനകൾ അണിനിരന്നു.
പാണ്ടിമേളം കൊട്ടിക്കയറുമ്പോൾ എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്തെത്തി. എഴുന്നള്ളത്ത് അവസാനിക്കുന്നതിനു മുമ്പ് വർണങ്ങൾ മാറിനിറഞ്ഞ കുടമാറ്റം നടന്നു. വെടിക്കെട്ട് വൈകിയതിനാൽ രാവിലെ 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗവും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളത്ത് തുടങ്ങിയത്.
തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറിയാണ് ഭഗവതി എഴുന്നള്ളിയത്. നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചെറിയ കുടമാറ്റം നടന്നു. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി. മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പന്മാർ മുഖാമുഖം നിന്നു.
വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിന് കാണാമെന്ന ഉറപ്പോടെ തട്ടകക്കാർ പിരിഞ്ഞു. പൂരം ഏറ്റവും നന്നായി ആസ്വദിച്ചതിലുള്ള സന്തോഷത്തിനിടയിലും പൂരം കഴിഞ്ഞതിന്റെ സങ്കടവും പേറിക്കൊണ്ടായിരുന്നു ഓരോരുത്തരും തേക്കിന്കാട്ടില്നിന്ന് യാത്രയായത്. ഉച്ചക്ക് മൂന്നോടെ പകൽ വെടിക്കെട്ട് നടന്നു. പാറമേക്കാവാണ് വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്.