തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള എഡിജിപി എം ആർ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തൃശ്സൂര്‍ പൂരം കലക്കിയതിന് പിന്നിൽ ബാഹ്യ ഇടപെലില്ലെന്ന റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി തളളിയത്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിർദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. ഇന്നലെ നടത്ത സംസ്ഥാന ക്യാബിനറ്റ് യോഗത്തിലടക്കം എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ വലിയ വിമർശനമുയർത്തിയിരുന്നു. പിന്നാലെയാണ് റിപ്പോർട്ട് തളളി പുതിയ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയത്.
പൂരം കലങ്ങിയതിൽ അട്ടിമറിയും ബാഹ്യ പ്രേരണയും ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ചും വലിയ പരാമര്‍ശങ്ങളില്ല. എന്നാൽ ദേവസ്വങ്ങളുടെ ഇടപെടലിനെ കുറിച്ച് നിശിത വിമർശനം എംആർ അജിത് കുമാറിന്‍റെ റിപ്പോർട്ടിലുണ്ട്. പൂരം പിരിച്ച് വിട്ടതും ലൈറ്റ് ഓഫാക്കിയതും ദേവസ്വം അധികൃതരുടെ നേതൃത്വത്തിലാണ്. പൊലീസ് അനുനയത്തിന് ശ്രമിച്ചിട്ടും ദേവസ്വങ്ങൾ തയ്യാറാക്കിയതാണ് പ്രശ്നം വഷളാകാനുള്ള കാരണമെന്നാണ് റിപ്പോർട്ടിലെ വിമർശനം. ആർക്കെതിരെയും നടപടിക്ക് റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നില്ല.