തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും ഭർതൃമതിയായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഈസ്റ്റ് പോലീസാണ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചത്. ഒളരിക്കര അൻപാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ഭർത്താവ് സുനിലിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുനിൽ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണ് ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ സംഗീത കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുണ്ടെന്നു മനസ്സിലായി. തുടർന്ന് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലുകളിലെത്തി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ മുറിയെടുത്ത ഹോട്ടൽ കണ്ടെത്തിയത്. മുറി തുറന്നുനോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം കഴിച്ചശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്. ചെറുപ്പം മുതൽ തന്നെ റിജോയും സംഗീതയും കൂട്ടുകാരായിരുന്നെന്ന് പറയുന്നു. റിജോ അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.