തൃശ്ശൂർ: തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്. കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.
കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പരിശോധിക്കുന്നത്.അങ്ങനെയെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു. പാർട്ടിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
ജയിലിൽ നിന്നും പുറത്തു ഇറങ്ങിയ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് തൃശൂരിൽ പാർട്ടി സംഘടിപ്പിച്ചത്. ആവേശം സിനിമ മോഡൽ പാർട്ടിയിൽ ഗുണ്ടകൾ ഉൾപ്പെടെ 60 പേരാണ് പങ്കെടുത്തത്. വിചാരണ തടവുകാരനായ അനൂപ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാർട്ടി നടത്തിയത്. തൃശൂർ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാർട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാർട്ടിയിലെ ആഘോഷം ഇവർ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളായിൽ പ്രചരിപ്പിച്ചത്.
ആവേശം സിനിമയിലെ ‘എട മോനെ’ എന്ന ഹിറ്റ് ഡയലോഗ് ഓടെ ആണ് സംഘം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇത് നിരവധി പേർ ഷെയർ ചെയ്തിരുന്നു. പാർട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് അനൂപ് പോലീസിനോട് പറഞ്ഞത്.