തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് അവസാനത്തോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയേക്കുമെന്നാണ് പ്രവചനം. സാധാരണ മെയ് ഇരുപത്തിരണ്ടോടെ തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്താറുള്ള കാലവർഷക്കാറ്റ് ഇക്കുറി മെയ് 19ന് എത്തും. തുടർന്ന് ബംഗാൾ ഉൾക്കടൽ വഴി നീങ്ങുന്ന കാറ്റ് ശ്രീലങ്കൻ തീരത്ത് മഴ എത്തിക്കും. ഇതേസമയം ദക്ഷിണാർധ ഗോളത്തിൽനിന്നുള്ള കാറ്റ് അറബിക്കടൽ വഴി കേരളത്തിലെത്തി മഴയ്ക്ക് കാരണമാകും. എന്നാൽ, ഈ കാറ്റ് ഇതുവരെ ശക്തിപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി വേനൽമഴ ലഭിച്ചിരുന്നു.