ബംഗ്ലൂരു : ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎൽഎമാരെ പണം നൽകി കൂറുമാറ്റാനുള്ള ശ്രമം, നടത്തിയെന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണങ്ങൾ തള്ളി ബിഡിജെഎസ് നേതാവും കേരളാ എൻഡിഎ കൺവീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ടിആർഎസിന്റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ ആരോപിച്ചു. ഏജന്റുമാര്‍ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിക്കുകയായിരുന്നു. മീറ്റിങ്ങിൽ കാണാമെന്ന് താൻ മറുപടിയും നൽകി. ഏജന്‍റുമാര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും മാനനഷ്ട കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും തുഷാർ വിശദീകരിച്ചു.
തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ കമലത്തിന്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി കെസിആർ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബിജെപി ഇത് തളളിയതോടെ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന കൂടുതൽ ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.
ആരോപണത്തിലുറച്ച് നിൽക്കുകയാണ് ടിആർഎസും ചന്ദ്രശേഖർ റാവുവും. തെലങ്കാന ഹൈക്കോടതിയിൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നും കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും കോടതിയിൽ നൽകിയിട്ടുണ്ട്. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു.