കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. പല കാരണങ്ങള്‍ കൊണ്ടും തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാകാം. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ് ക്യാൻസര്‍. തൈറോയ്ഡിനുണ്ടാകുന്ന അര്‍ബുദം ആദ്യമൊന്നും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല.
കഴുത്തിന്‍റെ മുൻഭാഗത്ത് മുഴകൾ, നീര് എന്നിവ ഉണ്ടാകുന്നതാണ് തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് ക്യാൻസർ പ്രത്യക്ഷപ്പെടാം. അതുപോലെ ശബ്ദത്തിലെ മാറ്റങ്ങൾ,
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമയ്ക്കുമ്പോൾ രക്തം വരിക, കഴുത്തിനടിയിലെ അസ്വസ്ഥത, കഴുത്തു വേദന, ചിലപ്പോള്‍ ചെവിയിലേക്ക് പ്രസരിക്കാൻ കഴിയുന്ന കഴുത്ത് വേദന, അപ്രതീക്ഷിതമായി ഭാരം കുറയുക അല്ലെങ്കില്‍ ഭാരം കൂടുക, സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോവുക, വയറിളക്കം തുടങ്ങിയവയും തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയാകാം.
പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ചെറിയ മാറ്റം പോലും നിസാരമായി കാണരുത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.