തൊടുപുഴ: തൊടുപുഴ പാറക്കടവ് മഞ്ഞുമ്മാവില്‍ പുലിയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനവകുപ്പ് നിരീക്ഷണം ശക്തമാക്കി. പാറക്കടവിന് സമീപമുള്ള കരിങ്കുന്നത്ത് പുലിയെ പിടികൂടാന്‍ നേരത്തെ കൂട് വെച്ചിരുന്നു. രണ്ടിടത്തുമിറങ്ങുന്നത് ഒരേ വന്യമൃഗമെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും പുലിയെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.
ഒരുമാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇവിടെ കൂടുവെച്ചിരുന്നു. ഇതിനുശേഷമാണ് 7 കിലോമീറ്റര്‍ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാര്‍ പുലിയെ കാണുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ കുറുക്കനെ പുലി കൊന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറയില്‍ നായയെ ചത്ത നിലയിൽ കണ്ടതും പുലിയെന്ന് നാട്ടുകാര്‍ ഉറപ്പിക്കുന്നു.
ഇല്ലിചാരിയിലെ പോലെ ആവശ്യമെങ്കില്‍ മഞ്ഞുമ്മാവിലും കൂടുവെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പുലിയെ കണ്ടതായി പറയുന്ന സ്‌ഥലത്ത് ക്യാമറ സ്ഥാപിക്കണമെന്ന് തൊടുപുഴ നഗരസഭയും ആവശ്യപെട്ടിട്ടുണ്ട്.