മാനന്തവാടി: പനവല്ലിയെ ഭീതിയിലാക്കിയ കടുവ ഒടുവിൽ കൂട്ടിൽ. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കടുവ കുടുങ്ങിയത്.കടുവയുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ 16നാണ് പിടികൂടാനായി കൂട് സ്ഥാപിച്ചത്. കാപ്പിത്തോട്ടത്തിൽനിന്ന് അൽപം മാറി സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളിൽ ആക്രമണമുണ്ടായിരുന്നില്ല.
പുളിയ്ക്കൽ മാത്യുവിന്റെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. പിന്നീട് വരകിൽ വിജയ്ന്റെ പശുക്കിടാവും പുളിയ്ക്കൽ റോസയുടെ പശുവും കടുവയുടെ ആക്രണത്തിൽ ചത്തു. ആദ്യഘട്ടത്തിൽ വനപാലകർ കാമറ വെച്ചാണ് നിരീക്ഷിച്ചത്. കൂടുവെക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.
മൂന്നു വളർത്തുമൃഗങ്ങളെ കൊല്ലുകയും ഓട്ടോറിക്ഷയുടെയും ബൈക്കിന്റെയും മുന്നിലേക്ക് പാഞ്ഞടുക്കുകയും ചെയ്ത കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, ബേഗൂർ റെയ്ഞ്ച് ഓഫിസർ കെ. രാകേഷ്, ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസർമാരായ ജയേഷ് ജോസഫ്, അബ്ദുൽ ഗഫൂർ എന്നിവർ രാത്രി തന്നെ സ്ഥലത്തെത്തി.