പാലക്കാട് : മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. ആനമൂളിയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ചു. കോയമ്പത്തൂര്‍ പികെ പുതൂരില്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. മണ്ണാര്‍ക്കാട് ആനമൂളി നേര്ച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ച് കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞു. കേരള അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലയുള്ള പി.കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലിയുള്ളത്. രണ്ട് ദിവസം മുമ്പാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. പുലിയെ പിടികുടാനായി തമിഴ്നാട് വനം വകുപ്പ് കൂട് സ്ഥാപിച്ചു.