കാട്ടുമൃഗങ്ങൾ എപ്പോഴാണ് അക്രമകാരികളാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതിന് അവയ്ക്ക് അതിന്റേതായ കാരണങ്ങളും കാണും. ചിലപ്പോൾ സ്വന്തം ജീവന് മേലുള്ള ഭയമായിരിക്കാം. അല്ലെങ്കിൽ വേട്ടയാടാൻ സമയമായിരിക്കാം. അങ്ങനെ പലതും കൊണ്ടാകാം. എന്നാൽ, പലപ്പോഴും മനുഷ്യരുടെ പ്രകോപനം കൊണ്ടും മൃഗങ്ങൾ മനുഷ്യർക്ക് നേരെ അക്രമികളായി പാഞ്ഞടുക്കാറുണ്ട്. മിക്കവാറും ഏതെങ്കിലും സഫാരിക്കിടയിലോ മറ്റോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും സമാനമായ ഒരു സംഭവം ഉണ്ടായി.
സഫാരിക്കിടെ ജിപ്സിയിൽ ഇരിക്കുകയായിരുന്ന വിനോദ സഞ്ചാരികൾക്ക് നേരെയാണ് കടുവ കുതിച്ചത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ പിന്നാലെ അറസ്റ്റ് ചെയ്തു. കടുവയെ പ്രകോപിപ്പിച്ചതിന്റെ പേരിലാണ് ഡ്രൈവർ അറസ്റ്റിലായത്. ഇന്ത്യൻ ഫോറസ്റ്റ് സർഫീസ് ഓഫീസറായ സുശാന്ത നന്ദ ഇക്കാര്യം സ്ഥിരീകരിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് ഡ്രൈവർ അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
രാംനഗർ ഏരിയയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ ജിപ്സിയിലിരിക്കുന്ന ടൂറിസ്റ്റുകൾക്ക് നേരെ കടുവ പാഞ്ഞടുക്കുന്നത് കാണാം. റിപ്പോർട്ടുകൾ പ്രകാരം കടുവ കുറച്ച് നേരം ടൂറിസ്റ്റുകളെ പിന്തുടർന്നിരുന്നു എന്ന് പറയുന്നു. ജിപ്സിയിലുണ്ടായിരുന്ന ടൂറിസ്റ്റുകൾ ബഹളം വയ്ക്കുന്നതും കേൾക്കാം. ടൂറിസ്റ്റുകളിൽ ഒരാൾ ഡ്രൈവറോട് വണ്ടി എടുക്കാനും പറയുന്നുണ്ട്. ജിപ്സിയുടെ ഡ്രൈവർക്ക് നേരെയും നിയമപനടപടി ഉണ്ടാകും എന്ന് പറയുന്നു. ജിപ്സിയെ സീതാബനി ടൂറിസം സോണിൽ കടക്കുന്നതിനും എന്നേക്കുമായി വിലക്കിയിരിക്കുകയാണ്. ഏതായാലും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയും അനുവധി ആളുകൾ കണ്ടു. ഡ്രൈവറുടെ നടപടി പലരേയും രോഷം കൊള്ളിച്ചു.