കൊച്ചി ∙ പരിസ്ഥിതിലോല മേഖല വേണ്ടതു കടുവാ സങ്കേതത്തിനു ചുറ്റുമോ വന്യജീവി സങ്കേതത്തിനു ചുറ്റുമോ; വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല സൃഷ്ടിക്കാനാണു സുപ്രീംകോടതി ഉത്തരവ്. കടുവാ സങ്കേതങ്ങളുടെ കാര്യം ഉത്തരവിൽ പറയുന്നില്ല. അങ്ങനെയെങ്കിൽ പറമ്പിക്കുളം, പെരിയാർ കടുവാ സങ്കേതങ്ങൾക്കു ചുറ്റും ഇപ്പോൾ കരുതൽ മേഖലയായി കാണിച്ചിട്ടുള്ള ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും വീടുകളും സംരക്ഷിക്കാനാവും. കടുവാ സങ്കേതത്തിനുള്ളിലാണു രണ്ടിടത്തും വന്യജീവി സങ്കേതങ്ങളുള്ളത്. വന്യജീവി സങ്കേതങ്ങൾ നിലവിൽ വന്നു വർഷങ്ങൾക്കു ശേഷമാണ് അതിനു ചുറ്റും കിലോമീറ്ററുകളോളം സ്ഥലം ഏറ്റെടുത്തു കടുവാ സങ്കേതങ്ങൾ സൃഷ്ടിച്ചത്.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിരിൽ നിന്ന് ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോലമേഖല സൃഷ്ടിക്കാനാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നതെങ്കിലും, വന്യജീവിസങ്കേതത്തിനു പുറത്തുള്ള കടുവാ സങ്കേതങ്ങളുടെ അതിർത്തിയിൽനിന്നു കരുതൽ മേഖല കണക്കാക്കിയാണു വനം വകുപ്പ് കരുതൽ മേഖല ഭൂപടം പ്രസിദ്ധീകരിച്ചത്.
വന്യജീവി സങ്കേതങ്ങൾ സംബന്ധിച്ച ആധികാരിക ശബ്ദമായ ഡെഹ്റാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നതു കടുവാ സങ്കേതങ്ങൾ സംരക്ഷിത പ്രദേശങ്ങളുടെ നിർവചനത്തിൽ പെടുന്നില്ല എന്നാണ്. നിലവിൽ രാജ്യത്ത് 54 കടുവാ സങ്കേതങ്ങളുണ്ട്. 1977ലെ ഉത്തരവു പ്രകാരം രൂപീകരിച്ച പെരിയാർ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും മാത്രമേ ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല സൃഷ്ടിക്കേണ്ടതുള്ളുവെന്നും ഒരു വിഭാഗം വാദിക്കുന്നു.
പെരിയാർ വന്യജീവി സങ്കേതത്തിനും പെരിയാർ ദേശീയ ഉദ്യാനത്തിനും അടുത്തെങ്ങും ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നില്ല. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും റവന്യു ഭൂമിയുമായി അതിർത്തി പങ്കിട്ടിരുന്ന റിസർവ് വനങ്ങൾ, കടുവാസങ്കേതം വികസിപ്പിക്കാൻ 2007ലും 2011ലും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് എരുമേലി, കോരുത്തോട്, പെരുവന്താനം, വണ്ടിപ്പെരിയാർ, ചിറ്റാർ, കുമളി, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ കടുവാ സങ്കേതത്തിന്റെ അതിർത്തിയായത്.