കോഴിക്കോട് : ഇരതേടാനാവാത്തതും പരിക്കേറ്റതുമായ കടുവകളുടെയും പുള്ളിപ്പുലികളുടെയും സംരക്ഷണത്തിന് സംസ്ഥാനത്ത് പ്രത്യേക കേന്ദ്രമൊരുങ്ങുന്നു. വനംവകുപ്പിന് കീഴിൽ സുൽത്താൻബത്തേരിയിൽ നാലരയേക്കർ സ്ഥലത്താണ് പരിപാലനകേന്ദ്രമൊരുങ്ങുന്നത്. വനത്തിനുള്ളിൽ തന്നെയാണിത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം 26ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് കടുവകളുടെയും പുള്ളിപ്പുലികളുടെയും സംരക്ഷണത്തിന് കേന്ദ്രമൊരുങ്ങുന്നത്. രണ്ടാംഘട്ടത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇരതേടാനാവാതെ നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കടുവകൾ, പുള്ളിപ്പുലികൾ എന്നിവയുടെ സംരക്ഷണമാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ തരത്തിലുള്ള സൗകര്യങ്ങളാകും കേന്ദ്രത്തിലുണ്ടാകുക. കൂടാതെ അപകടത്തിൽ പരിക്കേൽക്കുന്ന കടുവ, പുലി എന്നിവയെ ചികിത്സിച്ച് പൂർവസ്ഥിതിയിലാക്കി വനത്തിനുള്ളിലേക്ക് അയക്കും. കർണാടക, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിലവിൽ കടുവകളുടെ പരിപാലത്തിന് കേന്ദ്രമുള്ളത്.
സംസ്ഥാനത്ത് കാടിറങ്ങുന്ന ആനകളുടെ സംരക്ഷണത്തിന് മാത്രമാണ് കേന്ദ്രങ്ങളുള്ളത്.വർധിച്ചുവരുന്ന വന്യജീവിശല്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് വനംവകുപ്പ് തയ്യാറായത്. നേരത്തേ വന്യജീവിശല്യം കുറയ്ക്കുന്നതിന് 620-കോടിരൂപയുടെ സമഗ്രപദ്ധതി വനംവകുപ്പ് സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കടുവകളുടെ പരിപാലത്തിന് പ്രത്യേക കേന്ദ്രം ഒരുങ്ങുന്നത്.