കൊച്ചി: എറണാകുളത്തും മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോകുന്ന റോഡുകളിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തടഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കു കടന്നു പോകാൻ വഴിയൊരുക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി കോട്ടയത്തുനിന്നെത്തി വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലാണ് സുരക്ഷയ്ക്കായി പൊലീസിനെ വഴിയിലുടനീളം വിന്യസിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിക്കാണ് കലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വകാര്യ പരിപാടി.രാവിലെ, കോട്ടയത്ത് കെജിഒഎ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രി എത്തിയപ്പോഴും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. സമ്മേളന വേദിയായ മാമ്മൻ മാപ്പിളാ ഹാളിലേക്കുള്ള വഴിയായ ദേശീയപാത 183 നാലു മണിക്കൂർ പൊലീസ് പൂർണമായും ബാരിക്കേഡുവച്ച് അടച്ചുകെട്ടി. മാമ്മൻ മാപ്പിളാ ഹാളിന് എതിർവശത്തുള്ള ജില്ലാ ജനറൽ ആശുപത്രിയിലേക്കുള്ള രോഗികൾ അടക്കം ബുദ്ധിമുട്ടി.
കനത്ത സുരക്ഷ ഒരുക്കിയെങ്കിലും മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. മണിപ്പുഴയിൽവച്ചാണ് യുവമോർച്ച കരിങ്കൊടി കാട്ടിയത്. സമ്മേളനത്തിനു ശേഷം മടങ്ങുന്നതിനിടെ നാഗമ്പടത്ത് വച്ച് യൂത്ത് കോൺഗ്രസും കരിങ്കൊടി കാട്ടി.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനത്തതോടെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര. പരിപാടികളില്‍ അതിന്റെ ഇരട്ടിയിലധികം പൊലീസിനെയും വിന്യസിക്കും. പൊലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് നടപടി.