ടെക് ഭീമന്മാരായ ഗൂഗിളിനെയും പിന്തള്ളി ടിക്‌ടോക്. ഈ വർഷത്തെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റായാണ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളയറാണ് വാർത്ത പുറത്തുവിട്ടത്. ഈ വർഷം ജനുവരി, ഏപ്രിൽ, മെയ്, ജൂലൈ എന്നിവയൊഴിച്ച് മുഴുവൻ മാസവും സർച്ച് എൻജിനായ ഗൂഗിളിനെയടക്കം ഏറെ പിന്നിലാക്കി ടിക്‌ടോക്കാണ് ഹിറ്റിന്റെ കാര്യത്തിൽ മുന്നിലുള്ളത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതിയിലുള്ള ടിക്‌ടോക്കിന് ലോകവ്യാപകമായി നൂറുകോടിയിലേറെ സജീവ ഉപയോക്താക്കളുണ്ട്. ഇന്ത്യയിലായിരുന്നു ടിക്‌ടോക് യൂസർമാരുണ്ടായിരുന്നത്.
എന്നാൽ 2020 ജൂണിൽ വിവിധ ചൈനീസ് ആപ്പുകൾക്കൊപ്പം ടിക്‌ടോക്കും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഏറെക്കാലമായി ഗൂഗിളിനുണ്ടായിരുന്നു സർവാധിപത്യമാണ് കഴിഞ്ഞ വർഷം ടിക്‌ടോക് തകർത്തത്. കോവിഡും അതിനെത്തുടർന്നുള്ള ലോക്ഡൗണുമാണ് ഇത്രയും വലിയൊരു കുതിച്ചുചാട്ടത്തിന് ആപ്പിനെ സഹായിച്ചതെന്നാണ് വിലയിരുത്തൽ. ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയാണ് ഹിറ്റിൽ മുൻപിലുള്ള മറ്റ് വെബ്‌സൈറ്റുകൾ.