മുംബൈ: രണ്ടര വര്‍ഷത്തിലേറെയായി സെഞ്ചുറി വരള്‍ച്ച നേരിടുകയാണെങ്കിലും ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോലിയുടെ കണക്കുകളും ഗെയിമിനോടുള്ള ആവേശവുമാണ് ഇതിന് കാരണം. കോലിയെ പോലൊരു സമകാലിക ക്രിക്കറ്റിലെ റണ്‍മെഷീനെ ടീമില്‍ നിന്ന് എഴുതിത്തള്ളുക സെലക്‌ടര്‍മാര്‍ക്ക് എളുപ്പമല്ല. എന്നാലും കോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ സെലക്‌ടര്‍മാര്‍ തയ്യാറാവണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍താരവും സെലക്‌ടറുമായിരുന്ന സാബാ കരീം.
‘ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ വിരാട് കോലി നേരിട്ട് പ്ലേയിംഗ് ഇലവനില്‍ മൂന്നാം നമ്പറില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മധ്യനിരയില്‍ കോലിക്ക് ബാക്ക് അപ് വേണമോ എന്ന കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കേണ്ട സമയമായി. ശ്രേയസ് അയ്യരെയാണ് കോലിയുടെ പിന്‍ഗാമായായി കാണുന്നതെങ്കില്‍ അദേഹത്തിന് അവസരം നല്‍കുന്നത് തുടരണം. ശ്രേയസ് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പരീക്ഷണം തുടരാനാണേല്‍ ദീപക് ഹൂഡയ്‌ക്ക് അവസരം നല്‍കാനുള്ള കൃത്യമായ സമയമാണിത്. ബാറ്റിംഗിനൊപ്പം ബൗളിംഗും ഹൂഡയ്‌ക്ക് വഴങ്ങും. അത് ടീമിന് മുതല്‍ക്കൂട്ടാകും’ എന്നും സാബാ കരീം പറഞ്ഞു.