കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് മിക്ക മാതാപിതാക്കള്‍ക്കും. ശരീരത്തിനെന്ന പോലെ ഏകാഗ്രത ശക്തമാക്കാനും പതിവായി വ്യായാമം ചെയ്യേണ്ടതുണ്ടെന്ന് പലര്‍ക്കും അറിയില്ല. കുട്ടികളെ അവരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണം.
‘ഏകാഗ്രത പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ശരാശരി 2 വയസ്സുള്ള കുട്ടിക്ക് 4-6 മിനിറ്റ് നേരത്തേക്ക് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ശരാശരി 6 വയസ്സുകാരന് 10-12 മിനിറ്റും 12 വയസ്സുള്ള കുട്ടിക്ക് 25-35 മിനിറ്റുവരെയും സാധിക്കും. നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധ ഈ സമയത്തിലും താഴെയാണെങ്കില്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. തിരിച്ചറിയുക എന്നതാണ് ആദ്യപടി. എക്‌സിക്യൂട്ടീവ് ഫംഗ്ഷന്‍ ഡിസോര്‍ഡേഴ്‌സ് കുട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കും. ചില പ്രവര്‍ത്തനങ്ങൾ കുട്ടിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
∙വ്യക്തവും ലളിതവുമായ നിര്‍ദ്ദേശങ്ങള്‍
വളരെ ലളിതവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഉദാഹരണത്തിന് കുട്ടിയോട് അവരുടെ മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെടുമ്പോള്‍, അത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായി അവര്‍ക്ക് തോന്നാം, അതിനാല്‍ അവയെ ചെറു ടാസ്‌ക്കുകളാക്കാന്‍ ശ്രമിക്കുക. തുടര്‍ന്ന് മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
∙ഒരു സമയം ഒരു പ്രവര്‍ത്തനം
തിരക്കേറിയ ഷെഡ്യൂളിന് പകരം ലളിതമായ ഒരു ദിനചര്യ നല്‍കുന്നത് നിങ്ങളുടെ കുട്ടിയെ സഹായിക്കാനാകും. അവരുടെ കളിപ്പാട്ടങ്ങള്‍ വേര്‍ തിരിച്ചു വയ്ക്കുക, അടുക്കിപ്പെടുക്കുക തുടങ്ങിയവ ചെയ്യിപ്പിക്കാം. ധാരാളം കളിപ്പാട്ടങ്ങളില്‍ നിന്നും കുട്ടിക്ക് ശ്രദ്ധ തെറ്റുന്നതിന് പകരം ഒരൊറ്റ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
∙ പല സമയങ്ങൾ
എപ്പോഴും ഒരു സമയം മാത്രം കുട്ടികളുടെ കളികള്‍ക്കായി തിരഞ്ഞെടുക്കാതിരിക്കുക. കുട്ടിയെ നടക്കാന്‍ അനുവദിക്കുക, അവര്‍ ആഗ്രഹിക്കുന്നിടത്തോളം സമയം മരങ്ങള്‍ക്കു ചുറ്റും നില്‍ക്കാനും ശ്വസിക്കാനും അവരെ അനുവദിക്കുക. ശുദ്ധ വായു ശ്വസിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കുട്ടി ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ തടസ്സപ്പെടുത്താതിരിക്കുക.
∙ ഇടവേളകള്‍ എടുക്കുക
ഇടവേളകള്‍ എടുക്കുന്നത് കുട്ടികള്‍ക്ക് വിശ്രമം നല്‍കുന്നു. ദിവസം മുഴുവന്‍ എങ്ങനെ പെരുമാറണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കുട്ടികള്‍ കേള്‍ക്കുന്നു. ഇടവേളകള്‍ അവര്‍ക്ക് സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവരുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം നല്‍കുന്നു.
∙ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക
നിങ്ങളുടെ കുട്ടി ദിവസം മുഴുവന്‍ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ സമയം ചിലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം അത് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കും. സാവധാനം ഉപയോഗ സമയം കുറയ്ക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കിടപ്പുമുറിയിൽ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കാതിരിക്കുക.
∙ പഠനരീതി അറിയുക
കുട്ടിയുടെ പഠന രീതി മനസിലാക്കുക. നിങ്ങളുടെ കുട്ടി വീട്ടിലിരുന്ന് പഠിക്കുകയാണെങ്കില്‍, അവര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ പഠിക്കാനുള്ള അവസരങ്ങള്‍ നല്‍കുക. പ്രധാനമായും നാല് തരം പഠിതാക്കളുണ്ട്, കുട്ടി എങ്ങനെയുള്ള പഠിതാക്കളാണെന്ന് തിരിച്ചറിയേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. ചിലര്‍ക്ക് കേട്ടു പഠിക്കാനാണ് താല്‍പര്യമെങ്കില്‍ മറ്റു ചിലര്‍ക്ക് കണ്ട് പഠിക്കാനാണ്. ലെക്ചര്‍ കേള്‍ക്കുന്നതിനോ, പരീക്ഷണങ്ങളും മാതൃകകളും കാണുന്നതിനോ പകരം സ്വന്തമായി പഠിക്കുന്നരീതിയാണ് വേറെ ചിലര്‍ക്ക്. എന്നാല്‍ ചില കുട്ടികള്‍ തങ്ങളുടെ രീതിയിലാണ് ഉള്ളടക്കത്തെ കൈകാര്യം ചെയ്യുക.