സ്‌തനസൗന്ദര്യത്തിന്റെ കാര്യത്തിൽ സ്‌ത്രീകൾക്കു പൊതുവെ ഉൽക്കണ്‌ഠ കൂടുതലാണ്. പക്ഷേ, പലപ്പോഴും ഇക്കാര്യത്തിലുള്ള അറിവില്ലായ്‌മ കാരണം ശരിയായ പരിചരണവും ശ്രദ്ധയും സ്‌തനങ്ങൾക്കു നൽകാനാവുന്നില്ല. കുഞ്ഞിനെ മുലയൂട്ടുകയെന്നതാണു സ്‌തനങ്ങളുടെ പ്രാഥമിക ആവശ്യമെങ്കിലും ലൈംഗികാകർഷണത്തിലും സ്‌ത്രീസൗന്ദര്യത്തിലും അവയ്‌ക്കു പ്രധാന സ്‌ഥാനമുണ്ട്. ലൈംഗികതയും സ്‌തനങ്ങളും തമ്മിലുള്ള ബന്ധം കൊണ്ടാവാം, സ്‌തനസംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഡോക്‌ടറോടു പോലും തുറന്നു ചോദിക്കാൻ പലരും മടിക്കുന്നു. സ്‌തനങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. സ്‌തനാർബുദവും മറ്റും ഏറി വരുന്ന ഇന്നത്തെ കാലത്തു സ്‌തനപരിചരണത്തിനു വെറും സൗന്ദര്യസംരക്ഷണമെന്നതിനപ്പുറം പ്രസക്‌തിയേറുന്നു.
ചില തെറ്റിദ്ധാരണകൾ
സ്‌തനങ്ങളെക്കുറിച്ചു പൊതുവായ ചില തെറ്റിദ്ധാരണകളുണ്ട്.
1. മുലയൂട്ടൽ സ്‌തനങ്ങൾ ഇടിഞ്ഞു തൂങ്ങാൻ വഴിയൊരുക്കും
യാഥാർഥ്യം: മുലയൂട്ടൽ സ്‌തനങ്ങളുടെ ആകൃതി നഷ്‌ടപ്പെടുത്തില്ല. തെറ്റായ രീതിയിൽ മുലയൂട്ടുന്നതാണു കാരണം. സൗകര്യത്തിനു വേണ്ടി ബ്രായുടെ അടിവശത്തുകൂടി സ്‌തനങ്ങൾ വലിച്ചെടുത്തു മുലയൂട്ടുന്നതു സ്‌തനം ഇടിഞ്ഞു തൂങ്ങാനിടയാക്കും. കിടന്നു കൊണ്ടു മുലയൂട്ടുന്നതു കഴിയുന്നത്ര ഒഴിവാക്കുക.
2. വലിയ സ്‌തനങ്ങളുള്ള സ്‌ത്രീകൾക്കു പ്രത്യുൽപാദനശേഷി കൂടുതലാണ്.
യാഥാർഥ്യം: പ്രത്യുൽപാദനശേഷിയും സ്‌തനവലിപ്പവുമായി ബന്ധമൊന്നുമില്ല. മാത്രമല്ല, അമിതവണ്ണമുള്ള സ്‌ത്രീകൾക്ക് അണ്ഡാശയരോഗങ്ങളും അതുവഴി വന്ധ്യതാ പ്രശ്‌നങ്ങളും ഏറാനാണു സാധ്യത കൂടുതൽ.