തിരുപ്പതി : ഡിസംബർ 23 മുതൽ പത്ത് ദിവസത്തേക്കുള്ള പ്രത്യേക ദർശനത്തിനായുള്ള ടിക്കറ്റുകൾ പുറത്തിറക്കി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ക്ഷേത്ര ദർശനത്തിനായുള്ള ടിക്കറ്റുകൾ നിമിഷങ്ങൾകൊണ്ട് കാലിയായി. 20 മിനിറ്റിനുള്ളിൽ 2.25 ലക്ഷം രൂപയുടെ 300 രൂപയുടെ പ്രത്യേക പ്രവേശന ടിക്കറ്റുകൾ വിറ്റഴിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ‘വൈകുണ്ഠ ദ്വാര’ ദർശനവുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ നവംബർ 10 നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പുറത്തിറക്കിയത്. ‘വൈകുണ്ഡ ഏകാദശി’ ദിനമായ ഡിസംബർ 23 മുതൽ 2024 ജനുവരി 1 വരെ 10 ദിവസത്തേക്ക് വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രത്യേക ദർശനം അനുവദിക്കും.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 2.25 ലക്ഷം പ്രത്യേക എൻട്രി ദർശൻ (എസ്ഇഡി) ടിക്കറ്റുകൾ വിറ്റതോടെ ടിടിഡിക്ക് 6,75,00,000 രൂപ വരുമാനമാണ് ലഭിച്ചത്. ഇതുകൂടാതെ 2,000 രൂപയുടെ 20,000 ശ്രീവാണി ടിക്കറ്റുകൾ ഉച്ചകഴിഞ്ഞ് 3 മുതൽ വിതരണം ചെയ്തു. ടിടിഡിയിലേക്ക് 10,000 രൂപ സംഭാവന ചെയ്യുന്ന ഭക്തർക്ക് 500 രൂപ അധികമായി നൽകിയാൽ ഒരു പ്രത്യേക ശ്രീവാണി ദർശന ടിക്കറ്റ് നൽകും. ദർശനം ലഭിക്കുന്ന ഭക്തർക്ക് വൈകിട്ട് 5 മണിക്ക് അവരുടെ താമസ സൗകര്യം ഓൺലൈനായി ബുക്ക് ചെയ്യാം