തിരുവനന്തപുരം ∙ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും ടൈറ്റാനിയം കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് മുന്‍കൂര്‍ ഹര്‍ജി തള്ളിയത്.ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റു പ്രതികള്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി കൊണ്ടുവന്ന് വിശ്വാസ്യത നേടി തട്ടിപ്പ് നടത്തിയത്. ജോലി തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലും നിരവധി പരാതികള്‍ ഇപ്പോഴും ലഭിക്കുന്നതിനാലും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തളളിയത്. വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഇതുവരെയുളള അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പ്രതിയുടെ ബാങ്ക് രേഖകൾ അടക്കമുളള തെളിവുകള്‍ കണ്ടെത്തണം. ജാമ്യം ലഭിച്ചാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു.
പൂജപ്പുര പൊലീസ് റജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലാണ് ശശികുമാരന്‍ തമ്പി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളായ പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരോടൊപ്പം അധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയില്‍ കൊണ്ടുവന്ന് ശശികുമാരന്‍ തമ്പിയെ കാണിച്ച് വിശ്വാസ്യത നേടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.