കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപന്‍. രാഷ്ട്രീയമൊന്നുമില്ലാത്ത, പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടി എന്നതായിരുന്നു യുവജന പരിപാടിയുടെ ഹൈലൈറ്റ്. പ്രധാനമന്ത്രിയായി ഇന്നേവരെ ഒരു പത്രസമ്മേളനം പോലും നടത്താത്ത, പരിമിതപ്പെടുത്തിയ പ്രവേശകർ മാത്രമുള്ള പരിപാടികളിൽ പോലും നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറയുന്ന നരേന്ദ്ര മോദിയോട് ഇന്ററാക്ഷന് അവസരം വരുന്നു, അതും കേരളത്തിൽ എന്ന പ്രത്യേകത കൊണ്ട് നിരവധിപ്പേര്‍ പരിപാടിക്കെത്തി. എന്നാല്‍ മറ്റൊരു മന്‍ കീ ബാത്തായി പരിപാടി പരിണമിച്ചുവെന്നാണ് ടി എന്‍ പ്രതാപന്‍ ആരോപിക്കുന്നത്. ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കേണ്ട, യുവാക്കളെ വഞ്ചിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ബിജെപിക്ക്. അല്ലാതെ രാഷ്ട്രീയം പറയാൻ വേണ്ടി എന്ന പേരിൽ തന്നെ ഒരു പരിപാടി സംഘടിപ്പിക്കാൻ ധൈര്യമില്ലാതെയായിപ്പോയി സംഘപരിവാർ കേരളത്തിലെന്നാണ് ടി എന്‍ പ്രതാപന്‍റെ പരിഹാസം.
ടിഎന്‍ പ്രതാപന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കേരളത്തിൽ പ്രധാനമന്ത്രി വരുന്നു എന്ന പെരുമ്പറ കൊട്ടായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിലും സംഘപരിവാർ വൃത്തങ്ങളിലും. സംസ്ഥാനത്ത് പ്രധാനമന്ത്രി വരുന്നതൊക്കെ നല്ല കാര്യം തന്നെയാണ്. കേരളത്തിന് അവകാശപ്പെട്ട വികസന പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നതും വേണ്ടതുതന്നെ. മാത്രവുമല്ല, പ്രധാനമന്ത്രി പോകുന്ന വഴിയിൽ ചേരികൾ കാണാതിരിക്കാൻ വേലികെട്ടി മറക്കേണ്ട ഗതികേട് കേരളത്തിലില്ലതാനും. പ്രധാനമന്തിയുടെ പാർട്ടി ഇന്നേവരെ ഇവിടെ ഗുണം പിടിച്ചുകാണാത്തതിന്റെ മേന്മയാണതെങ്കിലും വല്ലപ്പോഴുമൊക്കെ അങ്ങനെയൊരു അനുഭവം നമ്മുടെ പ്രധാനമന്ത്രി അർഹിക്കുന്നില്ലേ? ‘യുവം’ എന്നൊരു യുവജന പരിപാടി നടത്തും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന്റെ ഹൈലൈറ്റ്. രാഷ്ട്രീയമൊന്നുമില്ലാത്ത, പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പരിപാടി എന്നാതായിരുന്നു പ്രചരണം. സമ്മേളന നഗരിയുടെ മൂലക്കിരുത്താൻ പോലുമുള്ള യുവമോർച്ചക്കാർ ഇവിടെയില്ലാത്തതുകൊണ്ടാവും ഇങ്ങനെയൊരു ലൈനിൽ പരിപാടിക്ക് പ്രചാരണം നൽകിയത്.
ഓൺലൈനായി രജിസ്റ്റർ ചെയ്ത് വേണം പരിപാടിയിൽ വരാൻ. പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരമുണ്ടാകുമെന്നുപറഞ്ഞ് സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ വലിയ പബ്ലിസിറ്റിയും ഉണ്ടായി. പ്രധാനമന്ത്രിയായി ഇന്നേവരെ ഒരു പത്രസമ്മേളനം പോലും നടത്താത്ത, പരിമിതപ്പെടുത്തിയ പ്രവേശകർ മാത്രമുള്ള പരിപാടികളിൽ പോലും നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറയുന്ന നരേന്ദ്ര മോദിയോട് ഇന്ററാക്ഷന് അവസരം വരുന്നു, അതും കേരളത്തിൽ എന്നത് ത്രില്ലിംഗ് അനുഭവമാകണമല്ലോ. അങ്ങനെ കുറെ ചെറുപ്പക്കാരും സാംസ്കാരിക രംഗത്തെ പ്രമുഖരിൽ ചിലരുമൊക്കെയായി ആളുകൾ പരിപാടിക്കെത്തി. എന്നിട്ടോ! ‘യുവം’ പ്രധാനമന്ത്രിയുടെ മറ്റൊരു മൻ കീ ബാത്തായി പരിണമിച്ചു. നൂറ്റൊന്നാമത്തെ എഡിഷൻ മൻ കീ ബാത്ത്! രാഷ്ട്രീയമില്ലെന്ന് പറഞ്ഞ പരിപാടിയിൽ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആരോപണങ്ങളുടെ ഘോഷയാത്ര! ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കേണ്ട, യുവാക്കളെ വഞ്ചിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ബിജെപിക്ക്. അല്ലാതെ രാഷ്ട്രീയം പറയാൻ വേണ്ടി എന്ന പേരിൽ തന്നെ ഒരു പരിപാടി സംഘടിപ്പിക്കാൻ ധൈര്യമില്ലാതെയായിപ്പോയി സംഘപരിവാർ കേരളത്തിൽ.
കൊച്ചി നഗരത്തിൽ ഒരു കിലോമീറ്ററോളം പ്രധാനമന്ത്രി നടന്നു എന്നതാണ് ആഘോഷിക്കപ്പെടുന്ന വലിയ വാർത്ത. കേരളത്തിലെ ഒരു ബിജെപി നേതാവിനെ പോലും ഒപ്പം നടത്താതെ (അതിവിടെയുള്ള ബിജെപി നേതാക്കളുടെ ജനപ്രീതിയെ കുറിച്ച് കേന്ദ്രത്തിൽ നല്ല മതിപ്പുള്ളതുകൊണ്ടാവും), കുറെ അംഗരക്ഷരുടെ നടുവിൽ എഴുതിത്തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച പുഷ്പവൃഷ്ടിയും വാങ്ങി നടന്ന മോദി അവിടെ നിൽക്കട്ടെ. നാലായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ഇന്ത്യയുടെ വിരിമാറിലൂടെ സാധാരണക്കാരെ ചേർത്തുപിടിച്ച് അവരെ കേട്ട്, അവരോട് ചോദ്യങ്ങൾ ചോദിച്ച്, അവരിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിച്ച് നടന്ന ഒരു നേതാവ് ഇവിടെയുണ്ട്: വെറുപ്പിന്റെ പെരുംചന്തയിൽ സ്നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്ത രാഹുൽ ഗാന്ധി!