ഛണ്ഡിഗഡ്: ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സോഹ്‌ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ദില്ലി സ്വദേശി സുർജിത് ചൗഹാനെയുമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരുമിച്ച് ജീവിക്കാനായി ഇരുവരും ചേര്‍ന്ന് യുവതിയുടെ ഭർത്താവ് വിപിൻ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. 2017 സെപ്തംബറിൽ ആണ് കൊലപാതകം നടന്നത്.
ആളൊഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂര കൊലപാതകം പുറത്തറിയുന്നത്. ഒരുമിച്ച് ജീവിക്കാനായി ഗീതയും കാമുകന്‍ സുര്‍ജിത്തും ചേര്‍ന്ന് വിപിന്‍ തോമറിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തിച്ചു.
നാഗിന പോലീസ് സ്റ്റേഷന് കീഴിലുള്ള ഷിക്രാവ റോഡിന് സമീപം ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് വിപിന്‍ തോമറാണെന്ന് കണ്ടെത്തുന്നത്. വിപിന്‍ തോമറിനെ കാണില്ലെന്ന ഗോഹാന ഗ്രാമവാസിയായ ഓം പ്രകാശിന്റെ പരാതിയിൽ അന്വേഷണം നടത്തി വരികയാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നാലെ സോഹ്നയില്‍ നിന്നും രക്ഷപ്പെട്ട ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കാമുകന്‍റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും തെളിവ് നശിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ആറ് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതികള്‍ക്ക് അഡീഷണൽ സെഷൻസ് ജഡ്ജി സന്ദീപ് കുമാർ ദുഗ്ഗൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.