ഹൈദരാബാദ്: എ.ഐ.എം.ഐ.എം നേതാക്കളായ അസദുദ്ദീൻ ഉവൈസിക്കും സഹോദരൻ അക്ബറുദ്ദീൻ ഉവൈസിക്കുമെതിരെ ഭീഷണിയുമായി മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ നവ്നീത് റാണ. പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയിൽനിന്ന് മാറ്റിയാൽ, ഉവൈസി സഹോദരങ്ങൾ എവിടെനിന്ന് വന്നെന്നും എവിടേക്ക് പോയെന്നും അറിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് അമരാവതി മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ നവ്നീതിന്റെ ഭീഷണി. ഹൈദരാബാദിൽ അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് റാണയുടെ പരാമർശം.
നവ്നീതിന് മറുപടിയുമായി അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ‘അവർക്കൊരു 15 സെക്കൻഡ് നൽകാൻ ഞാൻ മോദിജിയോട് ആവശ്യപ്പെടുന്നു. 15 സെക്കൻഡ് വേണ്ട, ഒരു മണിക്കൂർ കൊടുക്കൂ. ഞങ്ങൾക്ക് ഭയമില്ല. നിങ്ങളിൽ എത്രത്തോളം മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്ന് കാണാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആരെയാണ് പേടിക്കുന്നത്? ഞങ്ങൾ തയാറാണ്. ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ. പ്രധാനമന്ത്രി നിങ്ങളുടേതാണ്, ആർ.എസ്.എസ് നിങ്ങളുടേതാണ്, ആരും നിങ്ങളെ തടയില്ല. എവിടെ വരണമെന്ന് പറയൂ, ഞങ്ങൾ അവിടെ വരാം’ -ഉവൈസി പറഞ്ഞു.
ഇത്തവണ അമരാവതി മണ്ഡലത്തിൽനിന്ന് തോൽക്കുമെന്ന് മനസ്സിലാക്കിയാണ് നവ്നീത് റാണ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ പറഞ്ഞു. അവർക്കൊരു ഞെട്ടൽ വന്നിട്ടുണ്ട്, അതുകൊണ്ടാണ് ഇങ്ങനെയെല്ലാം പറയുന്നത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷനോ പൊലീസോ ഇവർക്കെതിരെ നടപടിയെടുക്കാത്തത്?. ഇതിനെതിരെ ശക്തമായ നടപടി വേണം. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും സാമുദായിക സൗഹാർദം തകർക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019ൽ മഹാരാഷ്ട്രയിലെ അമരാവതി ലോക്‌സഭ മണ്ഡലത്തിൽനിന്ന് എൻ.സി.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച നവ്‌നീത് റാണ കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്. 2004ൽ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നവ്നീത് റാണ 2009ൽ മമ്മൂട്ടി നായകനായ ‘ലവ് ഇൻ സിംഗപൂർ’ എന്ന ചിത്രത്തിൽ നായികയായി എത്തിയിരുന്നു. മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നേരത്തെ, രാജ്യത്ത് മോദി തരംഗമില്ലെന്ന നവനീത് റാണയുടെ പ്രസ്താവന ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.