പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഈ സന്ദേശം നമ്മൾ ജീവിതത്തിൽ പലതവണ കേട്ടിട്ടുണ്ട്. പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ശ്വാസകോശം ദുർബലമാവുകയും ആളുകൾക്ക് വിവിധ ശ്വസന രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു, അതിലൊന്നാണ് ആസ്ത്മ.
പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പുകവലി ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച പുകവലി വിരുദ്ധ ദിനം ആചരിക്കുന്നു. ഈ വർഷം പുകവലി വിരുദ്ധ ദിനം മാർച്ച് 8നാണ് ആചരിക്കുന്നത്.
പുകയില വിരുദ്ധ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദിനം പ്രധാനമായും യുകെ ആഘോഷിക്കുന്നത്. പുകയില ഉപഭോഗത്തിന്റെ ഫലമായി പ്രതിവർഷം 8 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
1984 ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും കൃത്യസമയത്ത് അത് ഉപേക്ഷിക്കാൻ അവരെ സഹായിക്കാനുമാണ് ദിനാചരണം ആരംഭിച്ചത്. സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരം അതിന് അടിമപ്പെടുന്നതിനാൽ പുകവലി ഉപേക്ഷിക്കുന്നതിന് വളരെയധികം അർപ്പണബോധവും പ്രചോദനവും ആവശ്യമാണ്. വിവിധ ഗവേഷണങ്ങൾ പ്രകാരം, ഈ ദുശ്ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പത്തിൽ ഒരാൾക്ക് നോ സ്മോക്കിംഗ് ഡേ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനുള്ള വഴിയെന്ന നിലയിലോ അല്ലെങ്കിൽ സമപ്രായക്കാരുടെ സമ്മർദ്ദം മൂലമോ ആണ് പൊതുവെ ആളുകൾ പുകവലി ശീലമാക്കുന്നത്. എന്നാൽ സിഗരറ്റിലെ കൊലയാളി ഉൽപന്നമായ പുകയിലയുടെ (Tobacco) പൊതുവായ ഉപയോഗം പല വിധത്തിൽ അതിനോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു. എല്ലാവർക്കും അറിയാവുന്നതു പോലെ പുകവലിക്ക് മാരകമായ അനന്തരഫലങ്ങൾ ഉണ്ട്. പുകയിലയുടെ സ്ഥിരമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
പുകവലി മിക്ക അർബുദങ്ങൾക്കും കാരണമാകുമെന്ന് വ്യക്തമാണ്. പുകയില ഉപഭോഗം 85% ശ്വാസകോശ അർബുദങ്ങൾക്കും നേരിട്ട് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. വായ, തൊണ്ട, ആമാശയം, വൃക്ക എന്നിവിടങ്ങളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത പുകവലി മൂലം കൂടുന്നു. പുകവലി രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.