ദില്ലി : രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം. പിന്നാലെ രാഹുൽ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തിൽ ബിജെപി പ്രചാരണമാരംഭിച്ചു. തുടർന്ന് ശക്തമായ പ്രതിരോധവുമായി കോൺഗ്രസും എത്തിയിരുന്നു.