തിരുവനന്തപുരം: ശരിക്കും കേരളം പനികിടക്കയിലായ അവസ്ഥയിലാണ്. ദിനം പ്രതി പകർച്ചപ്പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒപ്പം ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 എന്നിവയും അതിവേഗം പടരുകയാണ്. വെള്ളിയാഴ്ച 13,521 പേർക്കാണ് സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ചത്. വ്യാഴാഴ്ച ഇത് 13,409 ആയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഈമാസത്തെ മൊത്തം കണക്ക് 2,24,410 ആയി. 53 ഡെങ്കിപ്പനി കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതെങ്കിൽ വെള്ളിയാഴ്ച അത് 125 ലേക്ക് ഉയർന്നു. കൊല്ലം ജില്ലയിൽ ഒരുമരണവും റിപ്പോർട്ട് ചെയ്തു. എലിപ്പനി എട്ടുപേർക്കും മലേറിയ രണ്ടുപേർക്കും സ്ഥിരീകരിച്ചു.
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും.അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നടക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിർദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. മഴക്കാലപൂർവ ശുചീകരണം ഒരിടത്തും കാര്യക്ഷമമായില്ല. ഈ പനിക്കണക്ക് സർക്കാർ ആശുപത്രികളുടേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളുടേതുകൂടി കണക്കുകൂട്ടുമ്പോൾ മൂന്നിരട്ടിയെങ്കിലും വരുമെന്നാണ് കരുതുന്നത്.
മലപ്പുറം ജില്ലയിലാണ് പനി ബാധിതര്‍ ഏറ്റവും കൂടുതല്‍, 2164. ഇടുക്കി ജില്ലയിലാണ് കുറവ്, 399. തിരുവനന്തപുരം-1208, കൊല്ലം-1231, പത്തനംതിട്ട-497, കോട്ടയം-646, ആലപ്പുഴ-829, എറണാകുളം-1177, തൃശൂര്‍-718, പാലക്കാട്-916, കോഴിക്കോട്-1293, വയനാട്-651, കണ്ണൂര്‍-1041, കാസർകോട്-751 എന്നിങ്ങനെയാണ് കണക്ക്. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേർക്കാണ് വെള്ളിയാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.