ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക. വനിത എം പിമാർ, എം എൽ എമാർ.മഹിള കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കിടെ വി ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവസേനാ ഏക്നാഥ് ശിൻഡെ വിഭാഗത്തിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാമർശം വിവാദമായതോടെ രാഹുലിന്‍റെ പ്രസ്താവനയോട് വിയോജിച്ച് സഖ്യകക്ഷി നേതാവായ ഉദ്ദവ് താക്കറെ രംഗത്ത് വന്നുിരുന്നു.
ജയിൽ വാസം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് സവർക്കറെഴുതിയ കത്തുയർത്തിക്കാട്ടി രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനമാണ് വിവാദത്തിന് തിരികൊളുത്തിയത്. അകോളയിൽ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ആദ്യ പരാതിയെത്തി. സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ മുംബൈ പൊലീസിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുലിനെ കടന്നാക്രമിച്ച ശിവസേനാ ഏക്നാഥ് ശിൻഡെ വിഭാഗം താനെയിൽ പൊലീസിൽ പരാതി നൽകി. ബിജെപി, ഷിൻഡെ സർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസ് ഭാരത് ജോഡോ യാത്ര തടസപ്പെടുത്തും വിധം നടപടിയെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ജാഥയ്ക്കെതിരെ എന്ത് നടപടിയുണ്ടായാലും നേരിടുമെന്നും പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. പക്ഷെ വിവാദം സംസ്ഥാനത്തെ സഖ്യകക്ഷിയും സവർക്കർ അനുകൂല നിലപാടുകാരുമായ ശിവസേനാ ഉദ്ദവ് താക്കറെ വിഭാഗത്തിനെ പ്രതിരോധത്തിലാക്കി. പരാമർശത്തെ തള്ളിയ ഉദ്ദവ് താക്കറെ സവർക്കറുടെ നിലപാടിനെ വെള്ളം ചേർക്കുന്നവരാണ് ബിജെപിയെന്ന ആരോപണം തിരിച്ച് പ്രയോഗിച്ചു. കശ്മീരിൽ പിഡിപിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സവർക്കർക്ക് ഭാരത രത്നം നൽകാത്തതെന്തെന്നായിരുന്നു സേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ ചോദ്യം. സഖ്യത്തെ ബാധിക്കും വിധം രാഹുലിന്‍റെ പരാമർശം വിവാദമാക്കേണ്ടെന്നാണ് മഹാരാഷ്ട്രയിൽ എൻസിപിയുടെ നിലപാട്.