ദില്ലി : കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച ഇന്ന് നടക്കും. ഹോട്ട്‌സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ചര്‍ച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിര്‍മ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചത് സമാധാനശ്രമങ്ങള്‍ക്ക് കല്ലുകടിയാകുമെന്ന് കരുതിയിരിക്കെയാണ് ചര്‍ച്ച. ലേയിലെ 14-ാം ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍ കമാന്‍ഡര്‍ ലെഫ്റ്റ. ജനറല്‍ അനിന്ദ്യ സെന്‍ഗുപ്തയാണ് ഇന്ത്യ സംഘത്തെ നയിക്കുന്നത്. ഇദ്ദേഹം കമാന്‍ഡര്‍ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ നടന്ന തല കമാന്‍ഡര്‍ കൂടിക്കാഴ്ചളിലെ ധാരണകളെ തുടര്‍ന്ന് പാംഗോങ്, ഗോഗ്ര മേഖലകളില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ചിരുന്നു.
ചൈനയുമായി തുറന്ന ചര്‍ച്ച പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാങ്കോംഗ് തടാകത്തിലെ പാലം നിര്‍മ്മാണത്തിലെ ആശങ്ക ഇന്ത്യ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അതേസമയം ഇന്ത്യ-ചൈന ചര്‍ച്ചയും അതിര്‍ത്തിയിലെ വിഷയങ്ങളും സൂഷ്മതയോടെയാണ് നോക്കികാണുന്നതെന്ന് അമേരിക്ക പ്രതികരിച്ചിട്ടുണ്ട്.