ഇന്ന് ലോക ആസ്ത്മ ദിനം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക, തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം.അടിസ്ഥാനപരമായി ആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണ്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധർ പറയുന്നു.
“ആസ്തമ പരിചരണത്തിലെ വിടവുകൾ അടയ്ക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 15 മുതൽ 20 ദശലക്ഷം ആളുകൾ ആസ്ത്മ പ്രശ്നം അനുഭവിക്കുന്നു, ഇതിൽ എല്ലാ പ്രായത്തിലുള്ള രോഗികളും ഉൾപ്പെടുന്നു.
ആസ്ത്മയുടെ ലക്ഷണങ്ങൾ…
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോൾ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല എന്നും വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേണം ചികിത്സ നടത്താൻ. ആസ്ത്മ രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇൻഹേലറുകളോ ഉപയോഗിക്കുക.
എങ്ങനെ പ്രതിരോധിക്കാം ?
അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളിൽ നിന്ന് അകലം പാലിക്കുക.
ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.പുകവലിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക.