ഇന്ന് ലോക മുട്ട ദിനം. മുട്ടയ്ക്കും ഒരു ദിനമോ എന്നു പറഞ്ഞ് അമ്പരപ്പെടേണ്ട. അത്ര നിസാരക്കാരനല്ല മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ഒരാൾക്ക് ദിവസം കുറഞ്ഞത് ഒരു മുട്ട കഴിക്കാം.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ് കാത്സ്യം പൊട്ടാസ്യം സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമിൽ 142 മില്ലിഗ്രാം വരെ മുട്ടയിൽ അടങ്ങിയ കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിൻ തുടങ്ങിയ ധാതുമൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
ഒരു വ്യക്തി ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകൾ എങ്കിലും കഴിച്ചിരിക്കണമെന്ന് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ചതിന്റെ കാരണം മുട്ടയുടെ ആരോഗ്യഗുണങ്ങളാണ്. കുട്ടികൾക്ക് വർഷത്തിൽ ചുരുങ്ങിയത് 90 മുട്ടകൾ എങ്കിലും ഉറപ്പാക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നത്.
കണ്ണിൻറെ ആരോഗ്യത്തെ സഹായിക്കുന്ന ലൂട്ടീൻ, സീസാന്തിൻ എന്നീ ആൻറി ഓക്സിഡൻറുകൾ മുട്ടയിലുണ്ട്. റെറ്റിനയ്ക്ക് നാശം സംഭവിക്കാതെ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും. രക്തത്തിലെ കാൽസ്യത്തിൻറെ അളവ് നിയന്ത്രിക്കാനും മുട്ടയ്ക്ക് സാധിക്കും. രക്തത്തിലെ നല്ല കൊളസ്ട്രോൾ അഥവ എച്ച്ഡിഎൽ ഉയർത്താൻ മുട്ട സഹായിക്കും
കൊളസ്ട്രോൾ, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും മുട്ട കഴിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇത്തരക്കാർ മുട്ടയുടെ മഞ്ഞക്കരു കഴിക്കാൻ പാടില്ല. അതിൽ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ടാണിത്. പ്രമേഹം, വൃക്കരോഗം തുടങ്ങിയ പ്രശ്നങ്ങളുള്ളവരും മുട്ട ഒഴിവാക്കുന്നതാണ് നല്ലത്.