പയ്യനാട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാളാണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാനെതിരെ ഹാട്രിക് തികച്ച ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ ഫോമാണ് കേരളത്തിന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം.
ടൂര്‍ണമെന്‍റില്‍ ജയിച്ച് തുടങ്ങിയ ടീമുകളാണ് കേരളവും ബംഗാളും. രാജസ്ഥാനെ ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ ഹാട്രിക് കരുത്തിൽ ഗോളിൽ മുക്കിയതിന്‍റെ മൊഞ്ചുണ്ട് കേരളത്തിന്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ജയം. നിജോ ഗിൽബർട്ടും അജയ് അലക്‌സുമായിരുന്നു മറ്റ് സ്കോറർമാർ. അതേസമയം കോട്ടപ്പടി സ്റ്റേഡിയത്തില്‍ കരുത്തരായ പഞ്ചാബിനെ ഒറ്റ ഗോളിന് മറികടന്നാണ് ബംഗാൾ വരുന്നത്. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ വകയായിരുന്നു ബംഗാളിന്‍റെ വിജയഗോള്‍.
മധ്യനിരയുടെ പ്രകടനം തന്നെയാവും കേരളത്തിന് നിർണായകമാവുക. സ്ട്രൈക്കർമാർ കൂടി അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ ബംഗാളിനെതിരെ വിയർക്കും. പ്രതിരോധത്തിലൂന്നി ആക്രമിക്കുന്നതാണ് ബംഗാൾ ശൈലി. നിറഞ്ഞുതുളുമ്പുന്ന ഗാലറികളുടെ പിന്തുണ കേരളത്തിന് കരുത്താവുമെന്നുറപ്പ്. രാജസ്ഥാനെതിരായ മത്സരം കാണാന്‍ ആരാധക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് കോട്ടകള്‍ ഇന്ന് മുഖാമുഖം വരുമ്പോള്‍ പയ്യനാട് കാണികളുടെ ആവേശമുയരും.
ജിജോ ജോറ്
രാജസ്ഥാനെതിരെ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി ആറാം മിനിറ്റില്‍ ജിജോയുടെ ഫ്രീകിക്കിലൂടെ കേരളം മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കേരളം ലീഡുയര്‍ത്തി. നിജോയുടെ വലങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. 58-ാം മിനിറ്റില്‍ ജിജോയുടെ രണ്ടാം ഗോള്‍ പിറന്നു. റഹീമിന്‍റെ ത്രൂ പാസ് സ്വീകരിച്ച് താരം വല കുലുക്കി. വൈകാതെ നാലാം ഗോള്‍ പിറന്നു. സോയല്‍ ജോഷി നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ കാല്‍വെച്ച് ജിജോ ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു. 82-ാം മിനിറ്റില്‍ അജയ് അലക്‌സും ഗോള്‍ നേടിയതോടെയാണ് കേരളം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കിയത്.