റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒന്നര വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. സ്വദേശി കുടുംബത്തിലെ കുട്ടിയാണ് വില്ലയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച റാസല്‍ഖൈമയിലെ അല്‍ ദെയ്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ പിതാവ് അടുത്തിടെ മക്കള്‍ക്കായി ഒരു റബ്ബര്‍ സ്വിമ്മിങ് പൂള്‍ വാങ്ങിയിരുന്നു. വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടിയാണ് ഇത് വാങ്ങിയത്. സംഭവ ദിവസം കുട്ടി വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. റബ്ബര്‍ പൂളിന് സമീപമുള്ള കസേരയിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി കുട്ടി പൂളിലേക്ക് വീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.
ഉപയോഗ ശേഷം എപ്പോഴും കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിക്കാറുണ്ടെന്നും സംഭവം നടന്ന ദിവസത്തിന് രണ്ട് ദിവസം മുമ്പ് കുട്ടികള്‍ കളിച്ചതിന് ശേഷം കുളത്തിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് മറ്റൊരു കാര്യം ചെയ്യാനായി പോകുകയും പിന്നീട് ഇത് മറന്നു പോകുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീന്തല്‍ കുളത്തില്‍ വീണ് കിടക്കുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ കുളങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ്് ഡയറക്ടറേറ്റ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.