തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാക്കളടക്കം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. എന്നാൽ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പരാതികളുയർന്നിട്ടുണ്ട്. ഇപ്പോൾ നൽകുന്ന ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം. മുൻപ് മറ്റു പല കാര്യങ്ങൾക്കും വേണ്ടി ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. ഇത്തവണ അതുണ്ടാകരുതെന്നും നേരത്തെ സതീശൻ അഭിപ്രായപ്പെട്ടിരുന്നു.