മൂന്നാര്‍: നല്ലതണ്ണി കല്ലാറില്‍ നിര്‍മിക്കുന്ന സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ സമരവുമായി തോട്ടം തൊഴിലാളികള്‍ രംഗത്ത്. വെള്ളിയാഴ്ച രാവിലെ നിര്‍മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ തൊഴിലാളികള്‍ തടഞ്ഞ് മടക്കി അയച്ചു.
മൂന്നാര്‍ പഞ്ചായത്ത്, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മൂന്നു കോടി രൂപാ ചെലവില്‍ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നത്. മൂന്നാര്‍ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, തൊഴിലാളി ലയങ്ങള്‍ എന്നിവടങ്ങളിലെ ശുചിമുറി മാലിന്യങ്ങള്‍ വാഹനത്തിലെത്തി ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് ശുദ്ധജലവും ഖരമാലിന്യം ജൈവവളവുമാക്കി മാറ്റുകയാണ് പ്ലാന്റുകൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്ലാന്റു വന്നാല്‍ പ്രദേശവാസികളായ തോട്ടം തൊഴിലാളികളുടെ ശുദ്ധജലത്തില്‍ ശുചിമുറി മാലിന്യം കലരുമെന്നും പ്രദേശത്ത് ദുര്‍ഗന്ധം പരക്കുമെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്തത്. പഞ്ചായത്ത് അധികൃതരും പൊലീസും തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയവാഹനങ്ങള്‍ മടക്കി അയച്ചു.
മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പുഴയിലേക്ക് ശുചി മുറി മാലിന്യങ്ങള്‍ ഒഴുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്റെ സഹായത്തോടെ സര്‍ക്കാരിന്റെ നുറു ദിന കര്‍മപദ്ധതിയില്‍ പെടുത്തി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണമാരംഭിച്ചത്. സംസ്‌കരണ പ്ലാന്റിലേക്കുള്ള മാലിന്യ ലോറികള്‍ തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്ന് മാലിന്യം നിറച്ച ലോറികള്‍ കെഡിഎച്ച്പി കമ്പനിയുടെ റീജനല്‍ ഓഫീസിനു മുമ്പില്‍ ഉപേക്ഷിച്ചു. ടൗണിലും പരിസരങ്ങളിലും നിന്ന് ശേഖരിച്ച മാലിന്യങ്ങളുമായി നല്ലതണ്ണി കല്ലാറിലെ സംസ്‌കരണ പ്ലാന്റിലേക്ക് ഇന്നലെ പോയ മൂന്നു ലോറികളാണ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്ന തൊഴിലാളികള്‍ ഉച്ചയോടെ തടഞ്ഞത്. മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന് തൊഴിലാളികള്‍ ഉറച്ച നിലപാട് എടുത്തതോടെ പഞ്ചായത്തധികൃതര്‍ പ്രതിഷേധ സൂചകമായി ടണ്‍ കണക്കിന് മാലിന്യം നിറഞ്ഞ മൂന്നു ലോറികളും കെഡിഎച്ച്പി കമ്പനിയുടെ ടൗണിലെ റീജനല്‍ ഓഫീസിനു മുന്‍പില്‍ ഉപേക്ഷിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം കമ്പനി അധികൃതര്‍ പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തി, മാലിന്യ ലോറികള്‍ തൊഴിലാളികള്‍ തടയില്ലെന്ന് ഉറപ്പു നല്‍കിയതോടെയാണ് മാറ്റി കല്ലാറിലെത്തിച്ചത്.2003 ല്‍ അന്നത്തെ ടാറ്റാ ടീ കമ്പനി പഞ്ചായത്തിന് വിട്ടുകൊടുത്ത നല്ലതണ്ണി കല്ലാറിലെ ഭൂമിയിലാണ് പഞ്ചായത്ത് വക മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.